Sunday, July 11, 2010

നൊമ്പര ഗാനം

അവന്‍ വിങ്ങുകയായിരുന്നു... ഇത്രയും നേരം ഫോണ്‍ ഇല് ചെവി ചേര്‍ത്ത് കിടക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് എന്തൊക്കെയോ മൂളി പറയുന്നുണ്ട് . .. അത്താഴം കഴിക്കാന്‍ അവനെ വിളിക്കണം എന്നുണ്ടായിരുന്നു.. വേണ്ട.. ഇപ്പൊ വിളിക്കെണ്ടാ. അവന്റെ മുഖം കാണാന്‍ കഴിയില്ല.. ഇത്രയും നാളുംഅത്താഴം കഴിക്കാന്‍ അവനെ പിടിചെഴുന്നെല്‍പ്പിക്കുമായിരുന്നു .



അവന്റെ ഒരു ഫോണ്‍.. കട്ട്‌ ചെയ്യടാ.. മതി സംസാരം ഇനി ആഹാരം കഴിച്ചിട്ട് മതി... ഇങ്ങേനെയും ഉണ്ടോടാ കാമുകന്മാര്‍.



പക്ഷെ ഇന്ന് അവനോടു അങ്ങനെ പറയാന്‍ വയ്യ... അവന്‍ ഏറെ വിഷമിചിരിക്കുന്നു. നമ്മള്‍ പ്രവാസികള്‍ എന്നും അസൂയയോടെ ആണ് അവനെ കണ്ടിരുന്നത്‌. നാട്ടില്‍ അവനെയും കാത്തിരിക്കാന്‍ ഒരു പെണ്‍കുട്ടി. അവധിക്കു നാട്ടില്‍ പോകുമ്പോള്‍ അവള്‍ക്കായി സമ്മാനം വാങ്ങി കൂട്ടാനുള്ള തിരക്ക് കണ്ടു അവനെ ഞങ്ങള്‍ കളിയാക്കിയിരുന്നു..


അവര്‍ ഒന്നിച്ചു പഠിച്ചവര്‍പഠനം കഴിഞ്ഞു രണ്ടു പേരും രണ്ടു വഴിക്ക്. എങ്കിലും ഫോണിലൂടെ സൌഹൃദം തുടര്‍ന്നു . അവധികളില്‍ അവന്‍ അവളുടെ അരികില്‍ ഓടിയെത്തി. ഒടുവില്‍ ഒരു നാള്‍ അവനു വിദേശത്തേക്ക് പറക്കേണ്ടി വന്നു. എങ്കിലും എതിസലറ്റ് പോലുള്ളവര്‍ അവര്‍ക്കിടയില്‍ ഹംസങ്ങളായി . പരിശുദ്ധ പ്രണയങ്ങളില്‍ ഇപ്പോഴും വില്ലന്‍ ജാതി മതങ്ങള്‍ തന്നെ. കല്യാണ കാര്യം ആയപ്പോള്‍ പതിവ് പോലെ വീട്ടുകാര്‍ കൊമ്പ് കോര്‍ത്തു. അവന്‍ ലീവ് എടുത്തു നാട്ടിലേക്ക് പറന്നു. എല്ലാം കൂടുതല്‍ കുഴപ്പത്തിലായി.

ഒടുവില്‍ രണ്ടു പേരുടെയും തീരുമാനം പിരിയാന്‍ തന്നെയായിരുന്നു. വീട്ടുകാര്‍ തന്നെ ജയിക്കട്ടെ. അവളുടെ കല്യാണം നിശ്ചയമായി. അവന്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു. ഫോണ്‍ വിളികള്‍ നിശ്ചലമായി. ഏറെ കാലങ്ങള്‍ക്ക് ശേഷം അവള്‍ ഇന്ന് വീണ്ടും അവനെ വിളിച്ചിരിക്കുന്നു. അവസാനമായി യാത്ര പറഞ്ഞു പിരിയാന്‍. പുതിയ ജീവിതത്തിനു സര്‍വ മംഗളവും നേര്‍ന്നു കൊണ്ട് അവന്‍ വിങ്ങി പൊട്ടി. അവളും കരയുകയായിരുന്നു. ഏറെ നേരം വാക്കുകള്‍ പുറത്തു വന്നില്ല. ഇരു വശങ്ങളിലും മൌനം മാത്രം.

ആ മൌനം ഒരേ മുറിയില്‍ കഴിയുന്ന നമ്മള്‍ സുഹൃത്തുക്കളെ പോലും ഏറെ വിശാടതിലാഴ്ത്തി. അവര്‍ ഒരുമിച്ചു നെയ്ത സ്വപ്‌നങ്ങള്‍ ഇനി ഒരിക്കലും യാഥാര്ത്യമാകില്ലല്ലോ . എല്ലാം നഷ്ടപ്പെട്ടവനെ പോലെ അവന്‍ ആകാശം നോക്കി കിടന്നു.




Friday, July 2, 2010

രാത്രിയുടെ സൗന്ദര്യം...

രാത്രിയെ ഭയപ്പെടുത്തുന്ന ഇരുട്ടായി സങ്ങല്‍പ്പിച്ചവരുണ്ട്. ഏകാന്തതയുടെ കൂട്ടുകാരനായി ചിലര്‍. എന്നാല്‍ രാത്രിയെ സ്നേഹിച്ചവരും ഉണ്ടായിരുന്നു. മനസ്സിലെ പ്രണയം കര കവിന്ജോഴുകുമ്പോള്‍ നിലാവ് അതിനു മാറ്റ് നല്‍കി.എത്രയോ പാതിരാത്രികള്‍ ഞാന്‍ ഉറങ്ങാതെ നിന്നെ തന്നെ ഓര്‍ത്തു കിടന്നിട്ടുണ്ട്. ജന്നല്‍ പാളികള്‍ തുറന്നു ആകാശത്തെ നക്ഷത്രങ്ങളോട് ചിരിച്ചിട്ടുണ്ട്. കുളിര്‍ കാറ്റ് ഏറ്റു പരവശനായി നിന്നിട്ടുണ്ട്. രാത്രി എന്റെ പ്രണയത്തിന്റെ കാവല്‍ക്കാരനായി .

വിദ്യാസാഗര്‍ tamil സിനിമ യില്‍ ഇതേ ഗാനം ചിട്ടപ്പെടുതിയെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടില്ല. എന്തായിരിക്കും കാരണം. ഗിരീഷ്‌ പുത്തഞ്ചേരി തന്നെ. രാത്രിയും പ്രണയത്തെയും ചേര്‍ത്ത് അദ്ദേഹം എഴുതിയ വരികള്‍ ആഭേരി രാഗത്തില്‍ കലര്‍ന്നപ്പോള്‍ മലയാളികളുടെ ഹൃദയ മര്‍മ്മരം ആയി മാറാന്‍ അധിക നാള്‍ വേണ്ടി വന്നില്ല. എന്നും മലയാളി ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന ഗാനം....

" പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയെ കിടന്നു മിഴിവാര്‍ക്കവേ

ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവോ "


ഇനിയെന്ന് കാണും സഖി...

ഒരിക്കലും ഞാന്‍ നിന്നെ പ്രണയിച്ചിരുന്നില്ല. അതോ ഞാന്‍ എന്റെ പ്രണയം തിരിച്ചറിയാതെ പോയതോ? കഴിഞ്ഞു പോയ വര്‍ഷങ്ങളില്‍ എത്രയോ തവണ നമ്മള്‍ ഒന്നിച്ചിരുന്നു കളി പറഞ്ഞു. കൂട്ടുകാര്‍ നിന്നെ പറഞ്ഞു കളിയാക്കിയപ്പോഴും എന്റെ മനസ്സ് പറഞ്ഞു നീ എന്റെ കൂട്ടുകാരി മാത്രം. ഇന്ന് നീ പുതിയൊരു ജീവിതത്തിലേക്ക് പോകുന്നു എന്ന് കേട്ടപ്പോള്‍ മാത്രം ഞാന്‍ എന്തിനു ഇത്രയധികം വിഷമിക്കുന്നു. നീ എന്റെ ആരെങ്കിലും ആയിരുന്നോ.. അറിയില്ല. അഥവാ ഇത് പ്രണയമാണ് എന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു എങ്കില്‍ ഇനി അത് പറയാന്‍ ഒരു അവസരം ഉണ്ടോ.. ഒരു ജന്മം കാത്തിരിക്കേണ്ടി വരില്ലേ വീണ്ടും നിന്നെ എന്റെ കളിതോഴിയായി കിട്ടാന്‍? അന്ന് ഞാന്‍ പറയുമോ.. ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്ന്...?


"എന്നിന കിളിയുടെ നൊമ്പര ഗാനം കേട്ട്
ഇന്നലെ ഉറങ്ങാതെ ഞാനിരുന്നു..
അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന
മൂക ദുഃഖങ്ങള്‍ ആണെന്നറിഞ്ഞു ...


എന്‍ മനോവാടിയില്‍ നീ നട്ട ചെമ്പക
തൈകളില്‍ എന്നേ പൂക്കള്‍ നിറഞ്ഞു...
ഇത്രമേല്‍ മണമുള്ള പൂവാണ് നീയെന്നു
ആത്മ സഖീ ഞാന്‍ അറിയുവാന്‍ വൈകിയോ "

aamukham

മലയാളികള്‍ക്ക് എന്നും ചലച്ചിത്ര ഗാനങ്ങള്‍ ഹൃദയ മര്‍മരങ്ങള്‍ തന്നെയാണ്. ഗ്രിഹാതുരത്വവും പ്രണയവും വിരഹവും സന്തോഷവും വിഷമവും വാത്സല്യവും പ്രകടിപ്പിക്കുവാന്‍ എന്നും ഗാനങ്ങള്‍ തന്നെയാണ് ആശ്രയം. ജീവിതത്തിന്റെ പല മുഹൂര്തതിലും, നമുക്ക് വേണ്ടി എന്നാ പോലെ നിര്‍മിക്കപ്പെട്ട ഗാനങ്ങള്‍ നമുക്ക് വേണ്ടി പാടിയിരുന്നു. ഗാനങ്ങളിലെ നായിക പലപ്പോഴും നമ്മുടെ പ്രണയിനി തന്നെയായിരുന്നു. ഇത് അവളെ കുറിച്ച് എഴുതിയതാണോ എന്ന് അതിശയിച്ചിരുന്നു. ചില ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ അവളെ ഓര്മ വരും. ചിലത് ജീവിതത്തിന്റെ മധുര ഭാവങ്ങള്‍ കൊണ്ട് വീണ്ടും ഹൃദയത്തെ നിറയ്ക്കും. മറ്റു ചിലത് ഒരു കാലത്ത് അനുഭവിച്ച വേദനകളെ വീണ്ടും ജ്വലിപ്പിച്ചുനര്‍ത്തും .

ഭാവങ്ങള്‍ക്ക് ചേര്‍ന്ന ഗാനങ്ങള്‍ കണ്ടു പിടിക്കുക ശ്രമകരം തന്നെയാണ്. കാരണം അതിന്റെ ആപേക്ഷികത തന്നെ. എങ്കിലും ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കട്ടെ. ഇതാ എന്റെ മനസ്സിനെ തൊട്ടുണര്‍ത്തിയ ചില ഗാനങ്ങള്‍.